എവിജിസി-എക്സ്ആര്‍ കേരള നയം 2024
ഉയർന്ന സാക്ഷരതാ നിരക്ക്, എല്ലാവർക്കുംതന്നെ സ്കൂൾ വിദ്യാഭ്യാസം, വിജ്ഞാനാധിഷ്ഠിത സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയിൽ അഭിമാനിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്തെ മികവിന്റെ പ്രകാശഗോപുരമായി കേരളം നിലകൊള്ളുകയാണ്. കുറഞ്ഞ ജനന- ശിശുമരണ നിരക്കുകൾ, ആയുർദൈർഘ്യം, മാതൃ ആരോഗ്യ സംരക്ഷണം എന്നിവയിൽ പ്രശംസനീയമായ നേട്ടങ്ങളോടെ ആരോഗ്യപരിപാലനത്തിലും മുന്നിൽനിന്നുകൊണ്ട് സമഗ്രമായ മനുഷ്യവികസനത്തിന്റെ മാതൃകയായി കേരളം മാറിയിട്ടുണ്ട്. പല വികസിത രാജ്യങ്ങളുമായും താരതമ്യം ചെയ്യാവുന്നതാണ് കേരളത്തിന്റെ ഈ പുരോഗതി.
രാജ്യത്ത് അതിവേഗം പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന എവിജിസി- എക്സ്ആർ മേഖല വിനോദം, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ വിവിധ വ്യവസായങ്ങളിൽ സുപ്രധാന ഘടകമായി ഉയർന്നുവരികയാണ്. എവിജിസി- എക്സ്ആറിൽ അന്തർലീനമായ സാധ്യതകളെ കേരളം നേരത്തെതന്നെ അംഗീകരിച്ചത് സംസ്ഥാനത്തിന്റെ വളർച്ചയെ മുന്നോട്ട് നയിക്കാൻ സഹായകമായിട്ടുണ്ട്. കേരളത്തിലെ എവിജിസി-എക്സ്ആർ മേഖലയുടെ നിലവിലെ അവസ്ഥയുടെ സമഗ്രമായ അവലോകനം അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ നയത്തിലൂടെ. അതിന്റെ സാധ്യതകൾ, വെല്ലുവിളികൾ, സംസ്ഥാനത്തിനുള്ളിൽ അതിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ശുപാർശകൾ എന്നിവ ഇതിൽ വിവരിക്കുന്നു.